Sunday, September 09, 2007

ശബളാഭം

ശബളാഭം
-പി.ആര്‍. ഹരികുമാര്‍

കുളിമുറിയുടെ നിലത്ത്‌
സമാധിയടഞ്ഞ തവിട്ട്‌ നിറമുള്ള
ചിത്രശലഭത്തെ എടുത്തുയര്‍ത്തി
വെയിലത്തുണക്കി
എഴുത്തുമേശമേല്‍
ഞാന്‍-നിലയ്ക്ക്‌ നിര്‍ത്തി.
ഇപ്പോളത്‌-
മരണത്തിലും ജീവിതത്തെ
സവിസ്തരം നോക്കിചിരിക്കുന്ന
ഒരു പ്രതിമുഖം.
മറവിയിലും ഓര്‍മയിലെമ്പാടുംകായ്ക്കുന്ന
ഒരു പ്രതിമാനം.
വറുതിയിലും സംഋദ്ധിയെ സ്വപ്നം കാണുന്ന
ഒരു വാലില്ലാ തളിര്‍വെറ്റില.
അതെനിക്ക്‌-
ഓര്‍മയും സ്വപ്നവും തുടരെ നല്‍കി
എന്നെയാകെ ചുവപ്പിച്ചുകൊണ്ടിരിക്കുന്നു.
എന്നാല്‍-
വായിലവശേഷിക്കുന്ന ഈ ചണ്ടിയെ
ഞാനെന്ത്‌ ചെയ്യണം?
തുപ്പണോ? ഇറക്കണോ?
()

വിരലുകള്‍ പറയുന്നത്‌

വിരലുകള്‍ പറയുന്നത്‌
പി.ആര്‍. ഹരികുമാര്‍
-------------------
ചെറുവിരല്‍

കാലചക്രം-
നിരത്തിലാരക്കാലുമായ്‌ നടക്കുമ്പോള്‍
ആഞ്ഞുകേറാനൊരച്ചാണിപ്പഴുതും
തിരക്കി ഞാന്‍ നടക്കുന്നു.
എന്ത്‌ കാര്യം എന്നെയൊതുക്കുവാനച്ചാരം
വാങ്ങിയോര്‍പാര്‍ശ്വത്തിലെന്നെച്ചവിട്ടി കുതിക്കുന്നു.

മോതിരവിരല്‍

കെട്ടവ്രണത്തിനുമീതെ
ആരോ രാവില്‍-അണിയിച്ചല്ലോ
മുമ്പില്ലാത്തൊരടയാളം.
ഒട്ടുവെളിച്ചം പകരാനായില്ലെന്നാല്‍
കിട്ടീ കട്ടുഭുജിപ്പാനിത്തിരി
നേരം വെട്ടമൊരുക്കിയ പുഴയിലിന്നലെമുങ്ങിപ്പോയീ
കാമക്കലിതന്‍ കരിനാഗം.

നടുവിരല്‍

എന്തിലുമേതിലും ശക്തിചെലുത്താ-
നെല്ലിന്‍ കൂടു തകര്‍ത്തുന്തുമ്പോള്‍
ഓര്‍ക്കുന്നില്ലാ ഞാനൊരുനേരവും
ഇടവും വലവുമുത്സാഹിക്കും
സഹജരരൊക്കും ചതിയന്‍കുഴികള്‍.

ചൂണ്ടുവിരല്‍

ചൂണ്ടാണിത്തുമ്പത്തുറങ്ങുന്ന മര്‍മം
കാട്ടാനതന്‍ മദപ്പാടിലുണരുന്ന കര്‍മം
പക്ഷേ-
ചൂണ്ടാന്‍ തുനിയുമ്പോളൊക്കെയെന്‍
കൂട്ടരേ നിങ്ങള്‍ വെക്കമെന്നെയും
കൂട്ടിലാക്കുന്നതെന്തിന്‌?

തള്ളവിരല്‍

ഇലയില്‍ പൊതിഞ്ഞെന്നെ വെച്ചിരിക്കുന്നൊരാള്‍
കലയില്‍ മിടുക്കനാം ഗുരുവിന്‌ നല്‍കാന്‍
വെറുതേ കിടക്കുമ്പോള്‍ ചുമ്മാ വിചാരം
യുഗം നാലും കഴിഞ്ഞിനിയപരം പിറന്നാലും
ദക്ഷിണപോകുവാനീയൊരാള്‍ മാത്രം.
()